ഇതൊരു നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ്.. ഉള്ളടക്കം പൂർണമല്ല
ഭൂപ്രകൃതി

16.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മൂടാടി ഗ്രാമപഞ്ചായത്തിനെ ഭൂപ്രകൃതിയനുസരിച്ച്‌ തീരദേശം, സമതലം, ചതുപ്പ്‌ നിലം, കുന്നിന്‍ പ്രദേശം എന്നിങ്ങനെ നാലുമേഖലകളാക്കി തരം തിരിച്ചിട്ടുണ്ട്. 

തീരദേശം 

ദേശീയപാതയുടെ തെക്കുപടിഞ്ഞാറായി 4.5 മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന 1,4,7,9,10 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തീരപ്രദേശം. കേരളത്തിലെ തീരതടരേഖ പൊതുവേ ഋജൂവാണെങ്കിലും ഭുഭ്രംശങ്ങളുടെ ഫലമായി ഉണ്ടായന്നനുമാനിക്കുന്ന രണ്ട് ഉൾ വലിവുകളിൽ ഒന്ന് നമ്മുടെ പഞ്ചായത്തിലെ കടലൂരിലാണ്. കരയിൽ നിന്ന് നോക്കുമ്പോൾ തടരേഖയ്ക്ക് ഉണ്ടാകുന്ന അവതല സ്വഭാവം നിമിത്തം കര കടലിലേക്ക് തള്ളിനീക്കുന്നതിനാലാണ് പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് അതിർത്തി കടൽ ആവാൻ ഇടയായത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിലുള്ള ഉരുപുണ്യകാവ് മുതല് നന്തി ലൈറ്റ് ഹൗസിനു താഴെവരെ വരുന്ന ചെങ്കൽ പാളി നിറഞ്ഞ ഉയർന്ന പ്രദേശം, പിന്നെ കോടിക്കൽ കടപ്പുറം വരെ വരുന്ന മണൽ പ്രദേശവുമാണ് ഈ മേഖല. ഉരുപുണ്യകാവ്, മൂടാടി, മുത്തായം, കടലൂർ, കോടിക്കൽ എന്നിവയാണ് പ്രധാന കടൽ തീരങ്ങൾ.

സമതലം

വിസ്തൃതിയിൽ ഏറ്റവും വലുതും സമുദ്രനിരപ്പിൽ നിന്നും 3 മുതൽ 4 മീറ്റർ ഉയരത്തിലുള്ള വളക്കൂറുള്ള മണൽ, ചെളി കലർന്ന പൂഴി, ചെമ്മൺ, ചരൾ പ്രദേശമടങ്ങിയ മേഖലയാണിത്. മുൻകാലങ്ങളിൽ ഇവിടെ നെല്ല് സമുദ്ധമായി കൃഷി ചെയ്തിരുന്നു. വയൽ നികത്തി പുരയിടവും  തെങ്ങും വളർത്തിയതിനാൽ നെൽകൃഷി നാമമാത്രമായി. തെങ്ങാണ് മുഖ്യ വിളയെങ്കിലും ഇടവിളയായി കുരുമുളക്, കവുങ്ങ്, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ മറ്റ് പച്ചക്കറിയിനങ്ങൾ എന്നിവയ്ക്കൊപ്പം മുമ്പ് വെറ്റിലയും ധാരാളമായി കൃഷി ചെയ്തിരുന്നു.

ചതുപ്പ് നിലം

സമതലത്തിനും കുന്നിൻപുറത്തിനുമിടയിൽ ചെറിയ വീതി കുറഞ്ഞ സമുദ്രനിരപ്പിൽ നിന്നും അല്പം ഉയർന്ന് ചെളി നിറഞ്ഞതും, വെള്ളക്കെട്ടുള്ളതും കുട്ടനാടൻ, മകരം പുഞ്ചനെൽകൃഷി വലിയതോതിൽ വിളയിച്ചിരുന്ന ഫലഫുഷ്ഠമായ പ്രദേശമാണിത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങല്‍ ബ്രാഞ്ച്‌ കനാലിലൂടെ ജലം ഒഴുകുന്നതിലെ അശാസ്ത്രീയത മൂലം ഇവിടെ നെല്‍കൃഷി ചെയ്തിരുന്ന കര്‍ഷകരെ അതില്‍ നിന്നും അകറ്റുന്നതിന്‌ ഒരു കാരണമായിട്ടുണ്ട്‌.

കുന്നിന്‍ പ്രദേശം

വിസ്തൃതിയിൽ രണ്ടാമതുള്ള ഭൂപ്രദേശം സമുദ്ര നിരപ്പില്‍ നിന്നും 30 മുതല്‍ 40 മീറ്റര്‍ ഉയര്‍ച്ചയുള്ളതും കിഴക്കെ അതിര്‍ത്തിയില്‍ അകലാപ്പുഴയും വലിയമല, മുചുകുന്ന്‌, പുറമല (ശ്രീശൈലം), പവൂര്‍ക്കുന്ന്‌, എന്നീ കുന്നിന്‍ പ്രദേശങ്ങള്‍ ഉൾപ്പെടുന്നതുമാണ്. ചെറിയ തോതിലുള്ള മണ്ണൊലിപ്പിനേക്കാള്‍ വര്‍ദ്ധിച്ച ചെങ്കല്ല്‌, മണ്‍ഖനനം വലിയ പാരിസ്ഥിതികാഘാതമാണ് ഇവിടെ ഉണ്ടാകുന്നത്‌. അതിനാല്‍ തന്നെ ഉയര്‍ന്ന താപനിലയും ജലക്ഷാമവും അനുഭവപെടുന്നു. കളിമണ്‍ ലഭിച്ചിരുന്ന മുചുകുന്നിലെ കടുക്കുഴി പ്രദേശം പച്ചക്കറി, വെറ്റില കൃഷിയുടെയും ഓട്‌, മണ്‍പാത്ര വ്യവസായത്തിന്റെയും കേന്ദ്രമായിരുന്നു. 

ജലവിഭവങ്ങള്‍

കിഴക്കനതിര്‍ത്തിയിലെ അകലാപ്പുഴക്കൊപ്പം ഭൂപ്രദേശത്ത്‌ കൂടെ ഒഴുകിയിരുന്ന പ്രധാന തോടുകള്‍ ഒരു കാലത്ത്‌ സമൃദ്ധമായ ജല വാഹിനികളായിരുന്നു. 11.89 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള മൂടാടി നീര്‍ത്തടത്തിലെ പാടശേഖരത്തിലൂടെ ഒഴുകിയിരുന്ന തോടിന്‌ 6.4 കി.മിറ്റർ നീളവും 1.62 ച.കി.മീറ്റര്‍ വിസ്ത്രീതിയുള്ള കൊയിലോത്തുപടി നീര്‍ത്തടത്തിലെ തോടിന്‌ 4.85 കി.മീറ്റര്‍ ദൈര്‍ഘ്യവുമാണ്‌ ഉള്ളത്‌. ഇവയുടെ ഒഴുക്ക്‌ കോരപ്പുഴയുടെ ഭാഗമായ അകലാപ്പുഴയില്‍ അവസാനിക്കുന്നു. ക്രമാതീതമായ മണ്ണിടിച്ചില്‍, മണ്ണൊലിപ്പുകളുടെ വളര്‍ച്ച ഇവ തോടിന്റെ നിലനില്‍പ്പിനെയും ജല സംവഹനത്തെയും ബാധിച്ചിട്ടുണ്ട്‌. ചെറിയ തോടുകളായ പനയന്തോട്‌, കട്ടപൂരത്തിതോട്‌, ചാക്കരതോട്, പറതോട്‌, മുയല്‍തോട്‌, ആവിക്കല്‍ തോട്‌ എന്നിവ നാമാവശേഷമായിട്ടുണ്ട്‌.